Friday, 30 March 2018

ക്രിമിനല്‍ വത്തക്ക!! (അഥവാ criminalising prejudices)



വത്തക്ക പ്രയോഗം നടത്തിയ അദ്ധ്യാപകന് എതിരെ ക്രിമിനല്‍ കേസ് ചാര്‍ജ് ചെയ്ത നടപടിയോട് യോജിപ്പില്ല.

ഒരാളുടെ ചിന്തകളും സംസാരവും നവീകരിക്കുക എന്നത് ക്രിമിനല്‍ നിയമത്തിന്റെ ഉദ്ദേശമല്ല. സംസ്കാരിക ഉദ്ബോധനം അല്ല ക്രിമിനല്‍ നിയമത്തിന്റെ ലക്‌ഷ്യം. പ്രകടമായ ഹിംസയെ നിരോധിക്കുക. അക്രമവാസനകള്‍ക്കു തടയിടുക. സമൂഹത്തില്‍ ക്രമസമാധാനം പുലര്‍ത്തുക. ആളുകളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക- ഇതൊക്കെയാണ് ക്രിമിനല്‍ നിയമത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ ആയി ഞാന്‍ മനസ്സിലാക്കുന്നത് (തെറ്റുണ്ടെങ്കില്‍ തിരുത്താം). അല്ലാതെ, ഒരാളുടെ വികലമായ കാഴ്ചപ്പാടുകളെ തിരുത്തുക എന്നതല്ല. അങ്ങനെ ആയിക്കൂടാ.

ഒരാള്‍ വെച്ച് പുലര്‍ത്തുന്ന വികലവും അപരിഷ്കൃതവും ആയ ചിന്തകള്‍ക്ക് അയാളെ ക്രിമിനല്‍ ശിക്ഷയ്ക്ക് വിധേയമാക്കുകയാണെങ്കില്‍, അതിനര്‍ത്ഥം ഒരു വ്യക്തിയുടെ സ്വകാര്യ ചിന്താമണ്ഡലത്തില്‍ കയറി മേയാന്‍ സ്റ്റേറ്റിന് അധികാരം നല്‍കുന്നു എന്നാണ്.

എല്ലാ വ്യക്തികളും അവരവരുടെ മുന്‍വിധികള്‍ അനുസരിച്ചാണ് ജീവിക്കുന്നത്. ഉദാഹരണത്തിന് , നിങ്ങള്ക്ക് ചില വിഭാഗത്തില്‍ ഉള്ള ആളുകളോട് വെറുപ്പ് ഉണ്ടാകും; ചില ജീവിത രീതികള്‍ ശരിയല്ല എന്ന് നിലപാടുണ്ടാകും; ചില രീതിയില്‍ ഉള്ള ചിന്തകളും പ്രവര്‍ത്തികളും പാടില്ല എന്ന് അഭിപ്രായം ഉണ്ടാകും. ഇതിനൊന്നും യാതൊരു അടിസ്ഥാനവും ഉണ്ടാകില്ല. എങ്കിലും, ഇവയൊക്കെ മനസ്സില്‍ കൊണ്ട് നടക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എല്ലാവരും; തങ്ങളുടെ ചിന്തകളും മുന്‍വിധികളും പൂര്‍ണമായും ശരിയാണ് എന്ന ഉറച്ച വിശ്വാസത്തോടെ.

വിശാലമായ മാനവിക വീക്ഷണത്തില്‍ അത്തരം മുന്‍വിധികള്‍ തെറ്റാണ് എന്നത് കൊണ്ട് മാത്രം അവയെ ക്രിമിനല്‍വല്ക്കരിക്കുന്നതിന്റെ ആവശ്യം ഉണ്ടോ? അത് ഒരു തരത്തില്‍ ഉള്ള ഒരു thought policing അല്ലെ? ഒരു moralising agency ആയി സ്റ്റേറ്റിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നത് എങ്ങനെ ആഭികാമ്യം ആകും?

ഒരാളുടെ സംസാരം അല്ലെങ്കില്‍ ചിന്ത നിങ്ങളെ അലോസരപ്പെടുത്തി എന്നത് കൊണ്ട് അയാള്‍ ഒരു ക്രിമിനല്‍ ആകുമോ? അങ്ങനെയെങ്കില്‍, നമ്മള്‍ എല്ലാവരും ഓരോ തരത്തില്‍ ക്രിമിനലുകള്‍ ആണ്.

ഉദാഹരണത്തിന്, നിങ്ങളുടെ 'ലിബറല്‍' ചിന്ത ഒരു യാഥാസ്തികന് അലോസരം ഉണ്ടാക്കുന്നു. ഒരു മതവിശ്വാസിയുടെ ചിന്ത ഒരു ഭൌതികവാദിക്ക്‌ ഈര്‍ഷ്യ ഉളവാക്കുന്നു. ഒരു ബോഹീമിയനും പാരമ്പര്യവാദിയും അന്യോന്യം പുച്ഛം പുലര്‍ത്തുന്നു. ഇതെല്ലം, ക്രിമിനല്‍വല്ക്കരിക്കപ്പെടുകയാണെങ്കില്‍ ആരും ഒന്നും ചിന്തിക്കാതെയും സംസാരിക്കതെയും ഇരിക്കുന്ന ഒരു മൃത സമൂഹം നമുക്ക് രൂപപ്പെടുത്താം.

അത് കൊണ്ട്, ചിന്തകള്‍ തമ്മിലടിക്കട്ടെ. ക്രിമിനല്‍ നിയമം അതില്‍ ഇടപെടാതെ മാറി നില്‍ക്കട്ടെ;അതൊരു യഥാര്‍ത്ഥ സംഘട്ടനം ആകുന്നതു വരെ.

No comments:

Post a Comment