കേരളത്തിലെ ഒരു ലക്ഷത്തില്‍ പരം വിദ്യാര്‍ഥികള്‍ മതവും ജാതിയും രേഖപ്പെടുത്താതെ സ്കൂള്‍ അഡ്മിഷന്‍ നേടിയ വാര്‍ത്ത വന്‍ ചര്‍ച്ചയായതിന്റെ പശ്ചാത്തലത്തില്‍ ചില ചിന്തകള്‍:-
മതവിശ്വാസം നിരസിക്കുന്നതിലൂടെ പുരോഗതി അളക്കാനകുമോ? പുരോഗമന ചിന്തയ്ക്കും ഹൃദയ വിശാലതയ്ക്കും നിരക്കാത്ത ഒന്നാണോ മതവിശ്വാസം? മതവിശ്വാസം വെച്ച് പുലര്‍ത്തുന്നു എന്നത് കൊണ്ട് ഒരാളുടെ വ്യക്തിത്വത്തെയും ബൌദ്ധികശേഷിയെയും വില കുറച്ചു കാണേണ്ടതുണ്ടോ?
മതവിശ്വാസത്തെ വില കുറച്ചു കാണേണ്ടതില്ല എന്നാണ് എന്‍റെ കാഴ്ചപ്പാട്. ഒരു മനുഷ്യന്‍റെ നിലനില്‍പ്പും അതിജീവനവും സുഗമവും അര്‍ത്ഥപൂര്‍ണവും ആക്കുന്നതില്‍ വിശ്വാസത്തിനു ഒരു വലിയ പങ്കുണ്ട്.
ജീവിതത്തിന്റെ അര്‍ത്ഥവും, അസ്തിത്വത്തിന്റെ ഉദ്ദേശവും അന്വേഷിച്ചറിയാനുള്ള മനുഷ്യമനസ്സിന്‍റെ ചോദനയുടെ ഫലമാണ് മതങ്ങള്‍. "ഞാന്‍ ആരാണ്?" "ഞാന്‍ എന്തിനു ജീവിക്കുന്നു?" "എന്താണ് പ്രപഞ്ചത്തില്‍ എന്‍റെ സ്ഥാനം" തുടങ്ങിയ ചോദ്യങ്ങള്‍ എല്ലാവരെയും വലയ്ക്കുന്ന ഒന്നാണ്. ചിന്തിക്കാന്‍ സമയവും ശേഷിയുമുള്ള ചിലര്‍ ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ചു.(ഒരു തത്വചിന്തകന്‍ ആകാന്‍ ആകെ
വേണ്ടത് ചിന്തിക്കാന്‍ സമയം ധാരാളം ഉണ്ടാകുക എന്നത് മാത്രമാണ്. അതായത്, ജീവിത്തിന്റെ നിസ്സാരമായ പ്രശ്നങ്ങള്‍ അലട്ടാത്ത, ഉദാഹരണത്തിനു കറന്റ് ബില്‍ അടയ്ക്കുക, പാല്‍ മേടിക്കുക, വണ്ടിയുടെ ഓയില്‍ മാറ്റുക തുടങ്ങിയ 'ഉപകരപ്രദമല്ലാത്ത' കാര്യങ്ങള്‍ ചെയ്യേണ്ടി വരുന്നില്ലാത്ത അവസ്ഥ. പണ്ടത്തെ ബോഹീമിയന്‍സ് ആയിരുന്നിരിക്കണം സന്യാസിവര്യന്മാരും പ്രവാചകരും).
യുക്തി കൊണ്ട് അറിയാന്‍ കഴിയാത്തവ ഭാവന കൊണ്ട് പൂരിപ്പിച്ചു. അങ്ങനെ മതങ്ങള്‍ ഉത്ഭവിച്ചു. ജീവിതചര്യകളില്‍ പെട്ട് ചിന്തിക്കാന്‍ സമയമില്ലാത്ത സാധാരണ മനുഷ്യര്‍ക്ക് വേണ്ടി, അത്തരം ചിന്തകര്‍, തങ്ങള്‍ കണ്ടെത്തിയ സങ്കീര്‍ണമായ ഉത്തരങ്ങള്‍ കഥകളുടെയും മിത്തുകളുടെയും രൂപത്തില്‍ ക്യാപ്സുള്‍ പരുവത്തില്‍ അവതരിപ്പിച്ചതാണ് മതങ്ങള്‍.
അവ, മനുഷ്യന്‍റെ ജീവിതത്തിനു ഒരു താത്വിക ഘടന( philosophical framework) നല്‍കുന്നു. ജീവിതത്തിനു അര്‍ത്ഥവും ലക്ഷ്യവും നല്‍കുന്നു. മരണം എന്ന പ്രഹേളികയ്ക്ക് ഒരു വിശദീകരണം നല്കുന്ന്നു. മരണാനന്തര ജീവിതത്തിന്റെ പ്രതീക്ഷ നല്‍കുന്നു.
ഇതിനെക്കാള്‍ ഉപരി, മനുഷ്യന്‍റെ ധാര്‍മിക ബോധത്തെ പരുവപ്പെടുതുന്നതും മതവിശ്വാസം ആണ്. religion informs ones ethical code. ഇന്നത്തെ രീതിയില്‍ ഉള്ള സ്റ്റേറ്റും ഭരണഘടനയും നിലവില്‍ വരുന്നതിനു മുമ്പ് സമൂഹത്തിന്റെ ധാര്‍മിക അടിത്തറ പാകിയത് മതങ്ങള്‍ ആയിരുന്നു. ഇന്നും സ്ഥിതി വ്യത്യാസമല്ല. ഭൂരിഭാഗം ആളുകളും അധര്‍മത്തില്‍ നിന്ന് പിന്തിരിയുന്നത് ഭരണകൂടത്തെയും കോടതികളെയും കരുതിയല്ല. ദൈവഭയം, കര്‍മഫലം തുടങ്ങിയ വിശ്വാസസങ്കല്പങ്ങള്‍ ആണ് മനുഷ്യരെ നന്മ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്.
ഒരു വിശ്വാസസംഹിതയുടെ പിന്‍ബലം ഇല്ലാതെ ജീവിക്കുന്നത് ക്ലേശകരമാണ്. ജീവിതത്തിന് അര്‍ത്ഥമില്ല എന്നും, ധാര്‍മികതയ്ക്ക് മൂല്യമില്ല എന്നും, എല്ലാം അസംബന്ധം ആണും എന്നൊക്കെ തോന്നും. നിഷ്ക്രിയത്വത്തിലെക്കും നിര്‍മമതയിലേക്കും നയിക്കുന്ന ഒരു അവസ്ഥയാണത്. അഗാധമായ ഒരു ഗര്‍ത്തത്തിലേക്ക് പതിക്കുന്ന പ്രതീതി ഉളവാക്കുന്ന ഭീകരമായ ഒരു അവസ്ഥ(pointless staring into the abyss). ഒരു പക്ഷെ, ഉയര്‍ന്ന ചിന്താശേഷിയുള്ള ആളുകള്‍ക്ക് അത് തരണം ചെയ്തു ജീവിതത്തില്‍ അര്‍ത്ഥവും മനുഷ്യരാശിയില്‍ നന്മയും കണ്ടെത്താന്‍ സാധിക്കുമായിരിക്കും. പക്ഷെ, സമൂഹത്തില്‍ കൂടുതലും ഉള്ളത് സാധാരണക്കാരാണ്. അവര്‍ക്ക് മതങ്ങള്‍ നല്‍കുന്ന instruction manual ആവശ്യമാണ്. കര്‍മശേഷിയും ശുഭാപ്തിവിശ്വാസവും നന്മയും ഉള്ള ഒരു മനുഷ്യനായി ജീവിക്കാന്‍ മതങ്ങള്‍ വളരെ സഹായകാരമാണ്.
അത് കൊണ്ടാണ്, അസ്തിത്വ ചിന്തകന്‍ ആയിരുന്ന Soren Kierkegaard തന്‍റെ അന്വേഷങ്ങള്‍ക്ക് ഉത്തരം "leap of faith"ല്‍ കണ്ടെത്തിയത്. ദസ്തയെവിസ്കിയുടെ രചനകളിലും ഈ ഒരു ചിന്ത കാണാം. അദ്ധേഹത്തിന്റെ കഥാപാത്രങ്ങള്‍ ഒക്കെ അവസാനം വിശ്വാസത്തിലൂടെ രക്ഷ കണ്ടെത്തുന്നതായാണ് നാം വായിക്കുക.
മതങ്ങള്‍ കൊണ്ട് പ്രശ്നങ്ങള്‍ ഇല്ല എന്നല്ല. വിശ്വാസത്തില്‍ നിന്ന് ഉയര്‍ന്നു വരുന്ന സ്വത്വബോധം ഒരു രാഷ്ട്രീയ ശക്തിയായി പരിണമിക്കുമ്പോള്‍ സമൂഹത്തില്‍ കലഹങ്ങള്‍ ഉണ്ടാകാറുണ്ട്. വിശ്വാസികളുടെ മേലുള്ള സ്വാധീനം പുരോഹിതന്മാരുടെ അധികാര ദുര്‍വിനിയോഗത്തിനു വഴി തെളിക്കാറുണ്ട്. but that's a topic for another day's discussion. മനുഷ്യന്‍റെ നിലനില്‍പ്പില്‍ വിശ്വാസത്തിനുള്ള അനിവാര്യതയെ അത് നിരാകരിക്കുന്നില്ല.
അത് കൊണ്ട്, മത വിശ്വാസം നിരസിക്കുന്നതു കൊണ്ട് മാത്രം ഒരാളുടെ വ്യക്തിത്വം ശ്രേഷ്ഠമാകുന്നില്ല. ശ്രീ നാരായണ ഗുരു പണ്ട് പറഞ്ഞു 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി'. അത് പോലെ, മതമുണ്ടെങ്കിലും ഇല്ലെങ്കിലും മനുഷ്യന്‍ നന്നായാല്‍ മതി.
(എന്തായാലും, ഭൂരിപക്ഷ ചിന്തയ്ക്ക് വിപരീതമായി ഒരു നിലപാടെടുക്കാന്‍ ആ കുട്ടികളും അവരുടെ മാതാപിതാക്കളും കാണിച്ച ആര്‍ജവം അഭിനന്ദനം അര്‍ഹിക്കുന്നു. )